
മരട് ഫ്ലാറ്റ് പ്രശ്നത്തിൽ ആരാണ് കുറ്റക്കാർ.. റിയൽ എസ്റ്റേറ്റ് ഭീമന്മാർ? സർക്കാർ ഏജൻസികൾ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ? ഫ്ലാറ്റ് ഉടമകൾ? ഫ്ലാറ്റ് വാങ്ങാൻ കടം കൊടുത്ത ബാങ്കുകൾ? നീതിന്യായ വ്യവസ്ഥ? മാദ്ധ്യമങ്ങൾ? പൊതു മനസാക്ഷി? ഒരു വിധത്തിൽ പറഞ്ഞാൽ ഇവയെല്ലാം ഉത്തരവാദികളാണ്..ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. എങ്കിലും ഒന്നാം പ്രതിയായി പൊതു മനസാക്ഷി (Collective Conscience) തന്നെയാണെന്ന് നിസ്സംശയം പറയാം. സ്വർണ്ണ ചേന തുടങ്ങി സോളാർ പാനൽ വരെ അനർഹമായ ഏതെങ്കിലും ലാഭമുണ്ടെന്നു തോന്നിയാൽ നമ്മൾ അവിടെ ചാടി വീഴും, പൊങ്ങച്ചം നമ്മുക്ക് അലങ്കാരമാണ്, അത് ചൂഷണം ചെയ്യാൻ നമ്മൾ മന്ദബുദ്ധികളെപ്പോലെ നിന്നുകൊടുക്കും, ഫ്ലാറ്റ് വാങ്ങി പൂട്ടിയിടുന്നതും നമുക്കൊരു സുഖമാണ്. വസ്തു കൈമാറ്റം ചെയ്യുമ്പോൾ ആധാരത്തിൽ വിലകുറച്ചു കാണിക്കുക എന്നുള്ളത് ഏതാണ്ട് നാട്ടു നടപ്പാണ്. സ്വന്തം കാര്യം വരുമ്പോൾ മനസാക്ഷി പണയം വയ്ക്കാൻ നമുക്കൊരു മടിയുമില്ല. പുറമെ മേനി നടിക്കുമെങ്കിലും വ്യക്തി ജീവിതത്തിൽ ആർജവവും, സത്യസന്ധതയും ധർമ്മ നീതിയും ഒക്കെ നമുക്കന്യമാണ്. Integrity is doing the right thing even when no one is watching. അതാണ് നമുക്കില്ലാത്തതും.
പറഞ്ഞു വന്നത് വസ്തു കൈമാറ്റമാണ്. മരട് പ്രശനം ആത്യന്തികമായി നമ്മെ ഓർമ്മിപ്പിക്കുന്നതും വസ്തു കൈമാറ്റത്തിന്റെ ബാലപാഠങ്ങൾ ആണ്. നമ്മുടെ നിയമ വ്യവസ്ഥയുടെ പശ്ചാത്തലം ബ്രിട്ടിഷ് നിയമങ്ങളാണെങ്കിലും അതിന്റെ നല്ല വശങ്ങൾ പലതും ഇന്നും നമുക്കുൾക്കൊള്ളാനായിട്ടില്ല. വളരെ ചെറിയ ഒരു അതിർത്തി പ്രശ്നത്തിൽ ബ്രിട്ടനിലെ ലിവർപൂളിൽ മകൻറെ വീട് കച്ചവടം ഏതാണ്ട് ഒരു വർഷത്തോളം ഉടക്കി നിന്ന് പോയത് എനിക്ക് നേരിട്ട് അറിവുള്ള ഒരു കേസാണ്. വിൽപ്പനക്ക് വച്ച വീടിന്റെ ഒരു വശത്തു അയൽക്കാരൻ തന്റെ കാർ പാർക്കു ചെയ്യുന്ന പതിവുണ്ടായിരുന്നു. മകനാകട്ടെ ആസ്ഥലം തന്റെ വസ്തുവിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉറപ്പും ഇല്ലായിരുന്നു. സിറ്റി കൌൺസിൽ രേഖകളിൽ ആ സ്ഥലം മകന്റേതു തന്നെയായിരുന്നു. പക്ഷെ അയൽക്കാരൻ നമ്മുടെ നാട്ടിലുള്ളതുപോലെ തന്നെ ഈസ്മെന്റ് അവകാശം ഉന്നയിച്ചു. ഇതാണ് വിൽക്കാൻ തുടങ്ങിയപ്പോൾ പൊല്ലാപ്പായത്. മകൻ അത് വിട്ടുകൊടുക്കാൻ തയാറായെങ്കിലും നിയമോപേദശർക്കു അത് അംഗീകാര്യം അല്ലായിരുന്നു. ഇടപാട് നീണ്ടുപോയെങ്കിലും അവസാനം ഒരു പ്രശ്നങ്ങളുമില്ലാതെ നിയമാനുസരണം തന്നെ പ്രശ്ന പരിഹാരവുമായി.
ഇതിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലെ വസ്തു കൈമാറ്റം നമുക്ക് എങ്ങനെയാണ് മാതൃകയാകേണ്ടത് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. എല്ലാ വസ്തുക്കളുടെയും നടപ്പു വില പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വസ്തുവിന്റെ വില എസ്റ്റേറ്റ് ഏജന്റ് മുൻകൂട്ടി കാണാക്കാക്കി നിങ്ങൾക്ക് ശരിയായ ഒരു ധാരണ തരും. ഇതിൽ യാതൊരു തട്ടിപ്പിനും ഇടമില്ല. വാങ്ങുന്നയാളും വിൽക്കുന്നയാളും ഈ ഏജന്റിനെ സമീപിക്കുന്നു. അവർ ഇരുകൂട്ടർക്കും സോളിസിറ്ററിനെ യും കൺവേയൻസറിനെയും ഇടപാട് ചെയ്തു തരും. വേണമെങ്കിൽ ഇടപാടുകാർക്ക് സ്വന്തമായും സോളിസിറ്ററിനെ കണ്ടെത്താം. പക്ഷെ എല്ലാ കൈമാറ്റങ്ങൾക്കും മുന്നോടിയായി ഈ നിയമ പരിശോധന അനിവാര്യമാണ്. വസ്തു പലപ്പോഴും മോർട്ടഗേജുകൾ ഉള്ളതാവും അങ്ങനെയെങ്കിൽ മോർട്ടഗേജിന്റെ വിവരങ്ങളും നിയമ പരിശോധനക്ക് വിധേയമാകും. വാങ്ങുന്നയാൾ പുതിയ മോർട്ടഗേജിനു പോകുകയാണെങ്കിൽ ബാങ്കിന്റെ നിയമവിഭാഗവും രേഖകൾ പരിശോധിക്കും. ആരും ആരെയും തട്ടിപ്പിന് ഇരയാക്കുന്നില്ല. നടപടികൾ എല്ലാം സുതാര്യവും വ്യക്തവുമാണ്. അമിത ലാഭം ആർക്കും ഇല്ല, അമിത നഷ്ടവും.