An Inquiry in to into the New Age Careers

സ്വാശ്രയ കോളേജുകൾ കൂണുപോലെ മുളച്ചു പൊങ്ങിയപ്പോൾ തൊഴിൽ അവസരങ്ങളും യോഗ്യത നേടിയ ബിരുദധാരികളും തമ്മിലുള്ള നിലവിലെ ഡിമാൻഡ് സപ്ലൈ സമവാക്യങ്ങൾ തിരുത്താൻ കഴിയാത്ത വിധം അസന്തുലിതമായി. ഈ പ്രതിസന്ധിയുടെ അടിസ്ഥാനപരമായ കാരണം ഗുണനിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ അനിയന്ത്രിത വർദ്ധനയാണ്. പ്രതിക്കൂട്ടിലാകുന്നത് ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ട് തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളും. നഴ്സറി സ്കൂൾ തുടങ്ങി വാടക ഗുണ്ടാ സംഘം വരെ ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നമുക്ക് അവരെ ഉദ്യോഗാർത്ഥികളായി കാണാം
കുറച്ചു വർഷങ്ങൾക്കു മുൻപ് പുറത്തു വന്ന മക് കിൻസി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ എഞ്ചിനീയറിംഗ് ബിരുദധാരികളിൽ “എംപ്ലോയബിൾ” ആയി കണ്ടത് ചെറിയൊരു ശതമാനം മാത്രമാണ്. യോഗ്യതയില്ലാത്ത അധ്യാപകർ, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളിലാത്ത കോളേജുകൾ, സാങ്കേതിക വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിക്കേണ്ടി വരുമ്പോൾ, ഭാഷ സ്വാധീനം തീരെ ഇല്ലാത്ത വിദ്യാർത്ഥികളും അധ്യാപകരും, സെമസ്റ്റർ പരീക്ഷകൾ കുടിശ്ശികയായി ഇടയ്ക്കു വച്ച് പഠനം മതിയാക്കേണ്ടി വരുന്നവർ എല്ലാം പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിച്ചു.
2011-12 ൽ ടി സി സ് കമ്പനി 37000 വിദ്യാർത്ഥികളെ കാമ്പുസുകളിൽ നിന്നും കണ്ടെത്തി. ഏതാണ്ട് 30000 പേരെ കോഗ്നിസന്റ് കമ്പനിയും തിരഞ്ഞെടുത്തു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമൃത വിശ്വ വിദ്യാപീഠം തുടങ്ങിയ സ്ഥാപങ്ങളിൽ നിന്ന് കമ്പനികൾ ആയിരക്കണക്കിന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത വർഷങ്ങളുണ്ടായിരുന്നു. അങ്ങനെയുള്ള വിപുലമായ റിക്രൂട്ട്മെന്റ്കൾ ഇപ്പോൾ വിദൂര സ്വപ്നം മാത്രം.
കാരണങ്ങൾ പലതുണ്ട്. താരതമ്യേന വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകൾ പുറം രാജ്യങ്ങളിലേക്ക് കരാർ നൽകുന്നത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ഏതാണ്ട് നിർത്തലാക്കി. എന്നാൽ ഉയർന്ന യോഗ്യതയും നൈപുണ്യവും ആവശ്യമുള്ള തൊഴിൽ അവസരങ്ങൾ ഇപ്പോഴും ധാരാളം നിലവിലുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. പക്ഷെ അത്തരം സാധ്യതകളിലേക്ക് ഐ ഐ ടി, എൻ ഐ ടി പോലുള്ള നിലവാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അവസരങ്ങൾ ലഭ്യമാകുന്നുള്ളു.
നമ്മുടെ വിദ്യാർഥികൾ, പ്രത്യേകിച്ച് നിലവാരമില്ലാത്ത കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് പൊതുവെ അന്യമായ അനിവാര്യതയാണ് ‘സോഫ്റ്റ് സ്കിൽസ്’. അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ്, നേതൃപാടവം, സർഗ്ഗവൈഭവം, മൗലികത, വൈകാരിക പക്വത, ഇതെല്ലം സോഫ്റ്റ് സ്കിൽസിന്റെ പട്ടികയിൽ പെടും. ഇന്നത്തെ തൊഴിൽ രംഗത്ത് ഇത്തരം പാടവങ്ങളും കൗശലങ്ങളുമാണ് പലപ്പോഴും തൊഴിലുടമകൾ തിരയുന്നത്.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണ്ടെത്തൽ പ്രകാരം ആഗോളാടിസ്ഥാനത്തിൽ മെഷീൻ ലേർണിംഗ്, ഡേറ്റ സയൻസസ്, ഡേറ്റ അനലിറ്റിക്സ്, വോയിസ് ടെക്നോളജി തുടങ്ങിയ വിഷയങ്ങൾക്ക് ഭാവിയിൽ വളരെയധികം സാധ്യതകൾ നിലനിൽക്കുന്നു. ഒരു ദശകത്തിനു മുൻപ് ഭാവനയിൽപോലും കാണാൻ അസാധ്യമായിരുന്നു തരം തൊഴിൽ അവസരങ്ങളാണ് യുവജനങ്ങളുടെ മുൻപിൽ ഇന്ന് ലഭ്യമാകുന്നത്. സോഷ്യൽ മീഡിയ മാനേജർ, ഡാറ്റ സയന്റിസ്റ്, മൊബൈൽ ആപ്പ്ളിക്കേഷൻ ഡെവലപ്പർ, ക്ലൗഡ് ആർക്കിടെക്ട്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, കണ്ടെന്റ് ക്രിയേറ്റർ, സസ്റ്റൈനബിലിറ്റി മാനേജർ, ഡ്രോൺ ഓപ്പറേറ്റർ, യുബർ ഡ്രൈവർ, ഡ്രൈവർലെസ്സ് കാർ മെക്കാനിക്, ഇൻഫ്ലുൻസർ, യൂട്യൂബർ, എയർ ബി ൻ ബി ഹോസ്റ്റ് അങ്ങനെ പലതും. നിർഭാഗ്യവശാൽ ഈ അവസരങ്ങൾ മുതലെടുക്കാൻ ഒട്ടും ഫ്യുച്ചറിസ്റ്റിക് അല്ലാത്ത നമ്മുടെ സാങ്കേതിക പാഠ്യ പദ്ധതി തികച്ചും പരാജയമാണ്.
മാറുന്ന യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് സാങ്കേതിക വകുപ്പും, സാങ്കേതിക സർവകലാശാലയും, എ ഐ സി ടി ഇ പോലുള്ള സംഘടനകളും അടിയന്തിരമായി ഈ പ്രതിസന്ധി വിശകലനം ചെയ്തു ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന്റെ രൂപവും ഭാവവും പുനരാവിഷ്കരിക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച യുവ നിരയെ വൻ മുതൽക്കൂട്ടായി കണ്ട് വളരെ പ്രതീക്ഷകൾ നൽകി ആരംഭിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’. പ്രതീക്ഷക്കൊത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതി മുൻപോട്ടു കൊണ്ടുപോയെ മതിയാകൂ. സർക്കാരിന്റെ നയങ്ങൾ രാജ്യത്തിനുള്ളിൽ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതിനു സഹായകമാകണം. യോഗ്യതയുള്ള തൊഴിൽ രഹിതരെ മുന്നിൽ കണ്ടുകൊണ്ടു വേണം എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യേണ്ടത്. അനന്ത സാദ്ധ്യതകൾ മുന്നിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. അധികാരികൾ മറക്കരുത്. വിവര സാങ്കേതിക വിദ്യ റോക്കറ്റ് വേഗതയിൽ കുതിക്കുമ്പോൾ അറിവില്ലായ്മ ഒരലങ്കാരമായി കൊണ്ടുനടക്കുന്നത് ഭാവി തലമുറായിയോട് ചെയ്യുന്ന വൻ ക്രൂരതയാണ്.
In the age of information, ignorance is a choice
Sir
വീട്ടിൽ എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു.
LikeLike