സൗരോർജ്ജ സംവിധാനങ്ങളുടെ സാമ്പത്തിക ശാസ്ത്രം

 

alternative alternative energy blue eco

സർക്കാർ മേഖലയിൽ കാര്യമായ വൈദ്യുതി ഉൽപ്പാദനം സാധിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ കൊച്ചി വിമാനത്താവളം പൂർണ്ണമായി സൗരോർജ്ജത്തിലേക്ക് മാറി എന്നത് പ്രോത്സാഹജനകമായ വാർത്തയാണ്. വൈദ്യുതി കമ്മിയായ സംസ്ഥാനത്ത് ഒരു വലിയ ഉപഭോക്താവ് ഗ്രിഡിൽ നിന്നും വിട്ടു പോകുന്നതുമൂലം ദ്രവ ഇന്ധനം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വില കൂടിയ വൈദ്യുതി വാങ്ങാനുള്ള കെ എസ് ഇ ബി യുടെ ബാദ്ധ്യത അത്രകണ്ട് കുറയുന്നു. കൂടാതെ പരിസ്ഥിതി സൌഹൃദ പദ്ധതി എന്ന നിലയിൽ ഇതര വ്യവസായങ്ങൾക്ക് മാതൃകയും. ഇപ്പോൾ കെ എസ് ഇ ബി യിൽ നിന്നും യൂണിറ്റൊന്നിന് ശരാശരി ഏഴു രൂപയിലധികം വില നൽകി വൈദ്യുതി വാങ്ങുന്ന സിയാൽ കമ്പനിക്ക് ഈ ഇനത്തിലുള്ള ചിലവും ഗണ്യമായി കുറയും. വിൻ – വിൻ  സിറ്റുവേഷൻ.

എന്നാൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നത് എല്ലാ വിഭാഗത്തിൽപ്പെട്ട  ഉപഭോക്താക്കൾക്കും ലാഭകരമായ ഒരു ഇടപാട് ആയിക്കൊള്ളണമെന്നില്ല. ഗാർഹിക ഉപഭോക്താക്കളും ഇപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റ് ക്രോസ് സബ്സിഡി ഗുണഭോക്താക്കളും ഒരു ദിവസം ശരാശരി മൂന്ന് യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു കിലൊവാട്ട് ശേഷിയുള്ള ഒരു പ്ലാന്റിന് വേണ്ടി ഒരു ലക്ഷം രൂപയോളം മുടക്കുന്നത് ലാഭകരമാകുമോ എന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ല. എട്ടു ശതമാനം നിരക്കിലുള്ള പലിശത്തുക പോലും കിട്ടാത്ത ഒരു മുതൽ മുടക്കിന് എന്തിനു തുനിയണം. തന്നെയുമല്ല അഞ്ചു വർഷം കഴിയുമ്പോൾ ബാറ്ററികൾ മാറാൻ നല്ലൊരു തുക വീണ്ടും മുടക്കണം.

ഇന്നത്തെ വൈദ്യുതി നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ സൗരോർജ്ജം ലാഭകരമാകുന്നത് വൻകിട  വാണിജ്യ സ്ഥാപങ്ങൾക്ക് മാത്രമാണ്. അവിടെയും സോളാർ പാനലുകൾ വിന്യസിക്കുന്നതിനുള്ള സ്ഥലപരിമിതി ഒരു വലിയ ഘടകം ആണ്. ഒരു മെഗാവാട്ടിന് നാലായിരം പാനലുകളോളം വേണം. വിശാലമായ മേൽക്കൂരയോ തുറന്ന പാർക്കിംഗ് ഏരിയയോ അല്ലെങ്കിൽ സൂര്യ പ്രകാശം നിർബാധം ലഭ്യമായ ഉപയോഗരഹിതമായ മറ്റ് തുറസ്സായ സ്ഥലങ്ങളോ ലഭ്യമല്ലെങ്കിൽ മെഗാവാട്ട് തോതിലുള്ള പദ്ധതികൾ അസാധ്യമാണ്. നാലായിരം സോളാർ പാനലുകൾ വിന്യസിക്കാൻ ഏതാണ്ട് അഞ്ച് ഏക്കർ സ്ഥലം ആവശ്യമാണ്‌. ചെലവ് വീണ്ടും കുത്തനെ ഉയരും. വാണിജ്യ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക്പോലും ലാഭകരമല്ലാത്ത അവസ്ഥയുണ്ടാകും. ഉദാഹരണത്തിന് സ്ഥലവില കൂടി കണക്കിലെടുത്താൽ ഒരു മെഗാവാട്ടിന് സിയാൽ കമ്പനി മുടക്കിയ ആറ് കോടി ഏതാണ്ട് ഇരട്ടിയാകും. സാങ്കേതിക കാരണങ്ങൾ കൊണ്ട് വിമാനത്താവളത്തിൽ മറ്റൊന്നിനും ഉപയോഗിക്കാൻ സാധ്യമല്ലാത്ത വിശാലമായ സ്ഥല ലഭ്യത ബുദ്ധിപൂർവ്വം അവർ ഉപയോഗിച്ചു എന്ന് കരുതിയാൽ മതി. സ്വതന്ത്രമായി സൗരോർജ്ജം ഉൽപ്പാദിപ്പിച്ച് കെ എസ് ഇ ബി യ്ക്ക് വിൽക്കാനുദ്ദേശിക്കുന്ന സംരംഭകർ തടാകങ്ങൾ, ഉപോയാഗശൂന്യമായ മൊട്ടക്കുന്നുകൾ, ഉപേക്ഷിക്കപ്പെട്ട ക്വാറികൾ, അല്ലെങ്കിൽ അയൽ സംസ്ഥാനത്തെ വിലകുറഞ്ഞ ഭൂപ്രദേശങ്ങൾ തുടങ്ങിയവ പരീക്ഷിക്കാവുന്നതേയുള്ളൂ. വൈദ്യുതി ഗ്രിഡിൽ എത്തിക്കാനുള്ള ചിലവേറും  എന്നുമാത്രം.

കേരളത്തിൽ ചെറുകിട ഉപഭോക്താക്കൾക്കിടയിൽ സൗരോർജ്ജത്തിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോകുന്നതിന് കാരണം ഈ പ്രതികൂല സാമ്പത്തിക വശമാണ്. എന്നാൽ ഇതര പദ്ധതികൾ ഏതാണ്ട് അസാധ്യമായ സാഹചര്യത്തിൽ കേരളത്തിന്റെ ഭാവി ഊർജ്ജ സ്രോതസ്സ് ഇതുമാത്രമാണെന്ന് വേണം കരുതാൻ. സംസ്ഥാനത്തിന് പുറത്തുനിന്നും വൈദ്യുതി എത്തിക്കാനുള്ള ഇടനാഴികളുടെ പരിമിതിയും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. പക്ഷെ മെഗാവാട്ട് തോതിലുള്ള വൻകിട സൗരോർജ്ജ പദ്ധതികൾ ഇവിടെ പ്രയോഗികമാകുമോയെന്നു സംശയമാണ്. സ്ഥല ലഭ്യതയുടെ കുറവും, ഉയർന്ന വസ്തുവിലയും തന്നെയാണ് പ്രധാന കാരണങ്ങൾ.

ഈ സാഹചര്യത്തിലാണ് ബാറ്ററികളില്ലാത്ത, താരതമ്യേന ചിലവുകുറഞ്ഞ,  വിതരണ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന മേൽക്കൂരയിലെ ചെറുകിട പദ്ധതികളുടെ പ്രസക്തി. ഏതാണ്ട് ഒരു വർഷത്തിന് മുൻപ് തന്നെ ഇത്തരത്തിലുള്ള സോളാർ വിന്യാസത്തിന്റെ സാങ്കേതിക നിബന്ധനകൾ, നെറ്റ് മീറ്ററിംഗ്, പവർ ബാങ്കിംഗ്, അധിക വൈദ്യുതിക്ക് കെ എസ് ഇ ബി കൊടുക്കേണ്ട വില തുടങ്ങിയ ഉൾക്കൊള്ളുന്ന വളരെ വിശദമായ വ്യവസ്ഥകൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു. നിരവധി അപേക്ഷകരുണ്ടായിട്ടും ഇപ്പോഴും പത്തോളം ഉപഭോക്താക്കളെ മാത്രമേ  ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളൂ എന്നാണ് അറിയുന്നത്. ഇപ്പോൾത്തന്നെ നിരവധി ഉപഭോക്താക്കൾ സ്ഥാപിച്ചിട്ടുള്ള സ്വതന്ത്രമായി പ്രവർത്തിക്കുന്നതും ബാറ്ററികളിൽ ഊർജം സംഭരിക്കുന്നതുമായ “ഓഫ്‌ ഗ്രിഡ്” സോളാർ എനർജി സിസ്റ്റത്തിന് പ്രോത്സാഹനം എന്ന നിലയിൽ ഒരു യൂണിറ്റ് ഉൽപ്പാദനത്തിന് ഒരു രൂപ നിരക്കിൽ കെ എസ് ഇ ബി നൽകേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതും ഇനിയും പ്രാവർത്തികമായിട്ടില്ലെന്നാണറിയുന്നത്.

ക്ലീൻ എനർജി എന്ന നിലയിൽ സൗരൊർജ്ജത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വരും തലമുറയാണ്. സാമ്പത്തിക അടിസ്ഥാനത്തിൽ ചിന്തിച്ചാൽ കെ എസ് ഇ ബിയും. സംസ്ഥാനത്തെ മൊത്ത ഉപഭോഗത്തിന്റെ ഒരു നിശ്ചിത ശതമാനം വൈദ്യുതി സൗരോർജ്ജമായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു (റിന്യുവബിൾ പർച്ചേസ് ഓബ്ലിഗേഷൻ). അതുറപ്പാക്കിയില്ലെങ്കിൽ കെ എസ് ഇ ബി  വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ സരോർജ്ജ ഉൽപ്പാദനത്തിലെ  പങ്കാളിത്തം കെ എസ് ഇ ബി യെ വലിയതോതിൽ  സഹായിക്കും..

കൂടാതെ “മെറിറ്റ്‌ ഓർഡർ” തത്വ പ്രകാരം ഏറ്റവും വിലകൂടിയ വൈദ്യുതിയാണ് അവസാനം വാങ്ങേണ്ടതും ഉപയോഗിക്കേണ്ടതും. ആദ്യം ഒഴിവാക്കെണ്ടതും അത് തന്നെ.  ജലവൈദ്യുതി പദ്ധതികളുടെ പൂർണ നിയന്ത്രണം കെ എസ് ഇ ബിയുടെ കൈകളിലാണ്. മറ്റു പല സംസ്ഥാനങ്ങൾക്കുമില്ലാത്ത ഒരു മേൽക്കൈ ഈ കാര്യത്തിൽ കേരളത്തിനുണ്ട്. അത് ബോർഡ് സമർത്ഥമായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷെ മറ്റു നിലയങ്ങളിലെ ഉത്പ്പാദനം നിലവിലെ ചില കരാറുകളുടെ അടിസ്ഥാനത്തിലാണ്. ഇന്നത്തെ നിലയിൽ കായംകുളം താപ വൈദ്യുതി നിലയത്തിലെ നാഫ്ത ഉപയോഗിച്ചുൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് ഏതാണ്ട്  ഒൻപത്  രൂപയോളം വരും. പത്തോ പതിനഞ്ചോ ഉപഭോക്താക്കൾ സൗരോർജ്ജത്തിലേക്ക്  തിരിഞ്ഞതുകൊണ്ട് കായംകുളം പോലുള്ള വില കൂടിയ വദ്യുതി ഒഴിവാക്കാൻ സാധിക്കുന്നില്ല.

വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന, ഉപഭോക്താക്കളുടെ മേൽക്കൂരയിലെ ചെറുകിട സൗരോർജ്ജ പദ്ധതികൾ കേരളത്തിൽ വൻതോതിൽ വരേണ്ടിയിരിക്കുന്നു. അതുറപ്പാക്കേണ്ടത് കെ എസ് ഇ ബി യാണ്. എന്തുകൊണ്ടോ അടിസ്ഥാനരഹിതമായ നിരവധി ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. സൗരോർജ്ജ സംവിധാനം വൈദ്യുതിവിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാനടപടികൾ,സാങ്കേതികനിബന്ധനകൾ, അനുബന്ധ ഉപകരണങ്ങളുടെ നിലവാരം, മീറ്ററുകളുടെ പ്രവർത്തനം, കൃത്യത തുടങ്ങിയവയെ സംബന്ധിച്ചെല്ലാം തന്നെ കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങളും വ്യവസ്ഥകളും പുറപ്പെടുവിച്ചിട്ടുണ്ട്.

കെ എസ് ഇ ബി കുറേക്കൂടി ഈ കാര്യത്തിൽ മുൻകൈ എടുക്കേണ്ടതുണ്ട്‌. നടപടികൾ സുതാര്യവും ലഘുതരവുമാവണം. സംസ്ഥാന സർക്കാരും പ്രോത്സാഹന നടപടികൾ കൈക്കൊള്ളണം. കർണാടക സംസ്ഥാനത്ത് സരോർജ്ജ സംവിധാനം സ്ഥാപിക്കുന്ന ഉപഭോക്താക്കൾക്ക് കെട്ടിട നിർമാണ വ്യവസ്ഥകളിൽ ഇളവുകളുണ്ട്‌.  ഏതെങ്കിലും തരത്തിലുള്ള പ്രയോജനം ഉണ്ടെങ്കിലേ ഉപഭോക്താക്കൾ ആകർഷിക്കപ്പെടുകയുള്ളൂ.പദ്ധതിവ്യാപകമാകുമ്പോൾ ഉപഭോക്താക്കളുടെ ചെറിയ ലാഭം കെ എസ് ഇ ബിയുടെ വൻ നേട്ടമായി മാറും. കേരളത്തിലെ ഊർജ്ജ മേഖലയിൽ ഒരു കുതിച്ചുചാട്ടവും.

 

Author: Mathew George

Another slipshod writer under the Sun

3 thoughts on “സൗരോർജ്ജ സംവിധാനങ്ങളുടെ സാമ്പത്തിക ശാസ്ത്രം”

 1. സർ നമസ്കാരം !!!

  വ്യക്തിപരമായി മെസ്സേജ് ചെയ്യാൻ ഉള്ള ഉപാധികൾ ഉണ്ടോ എന്ന് പലവട്ടം നോക്കിയിട്ടും കാണാത്തതു കൊണ്ടാണ് ഇങ്ങനെയൊരിടത് എഴുതുന്നത്..

  എഴുത്ത് പതിയെ പതിയെ നീങ്ങുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ ആദ്യത്തെ സന്തോഷം ആണ് സർ എന്റെ ബ്ലോഗ് ഫോളോ ചെയുന്നു എന്ന് അറിഞ്ഞപ്പോൾ.

  എന്നെ അറിയാത്ത, എനിക്ക് പരിചയം ഇല്ലാത്ത ഒരാൾ എന്റെ ചിന്തകൾക്ക് ബഹുമാനം നൽകുന്നു എന്നറിയുന്നതിൽ സന്തോഷം. എനിക്ക് നേരിട്ട് പരിചയം ഇല്ലത്ത ഒരാൾ ആദ്യമായി ഫോളോ ചെയുന്നത് സർ ആണ്. ആ സന്തോഷം സ്നേഹപൂർവ്വം അറിയിക്കുന്നു.

  വിമർശനപൂർണമായ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു…

  With Love & Respect
  -Nimmy

  Like

  1. Hi,
   Thank you for that lovely note. It is your topics that caught my attention..plastic waste, travel, organic farming etc. Keep writing. All the best.There are umpteen topics around to write about.
   Rgds
   Mathew

   Liked by 1 person

   1. നമസ്തേ !!
    Thanks a lot for the replay Sir.
    I have been searching for such topic.

    Please be there to review my writings.

    With Love & Respect
    -Nimmy.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: