And fools who came to scoff, remained to “Play”

sunset-787826_960_720എഴുപതുകളുടെ ആദ്യ പാദം. സിവിൽ സർവീസ് പഠന ലക്ഷ്യവുമായി തിരുവനന്തപുരത്തു ചേക്കേറിയ ദിനങ്ങൾ. ഐശ്ചിക വിഷയങ്ങളിൽ ഒന്നായ ഇന്ത്യ ചരിത്രത്തിന്റെ മർമ്മങ്ങൾ പറഞ്ഞു തന്ന നാരയണൻ നായർ സാറിൻറെ വീട് ശാസ്തമംഗലത്തിനു സമീപം പൈപ്പിൻ മൂട് എന്നറിയപ്പെടുന്ന സ്ഥലത്തെ മനോഹരമായ വയലിറമ്പത്തായിരുന്നു. പോകുന്ന വഴിയിൽ ഏതാണ്ട് ഒരുകിലോമീറ്റർ നീണ്ട കരിങ്കൽ ചുറ്റുമതിലുള്ള ഒരു വിശാല പുൽമേട് കണ്ണിൽപ്പെടും. പലപ്പോഴും ആകാംക്ഷയോടെ അവിടേക്കു എത്തിനോക്കുമ്പോൾ പ്രായമുള്ള ഏതാനും പേർ കയ്യിൽ ഒരു വടിയുമായി മെല്ലെ മെല്ലെ നടക്കുന്നത് കാണാറുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് അത് “ഗോൾഫ്” എന്ന ബൂർഷ്വാ കളി അരങ്ങേറുന്ന കളിക്കളമാണെന്ന് മനസ്സിലായത്. ടീ, പാർ, ഫെയർവേ തുടങ്ങിയ ഗോൾഫുമായി ബന്ധപ്പെട്ട പദങ്ങൾ മത്സര പരീക്ഷകൾക്ക് വേണ്ടി മനഃപാഠമാക്കിയിരുന്നെങ്കിലും ഏതു എന്താണെന്ന് ഒരു പിടിയുമില്ലായിരുന്നു.

ശരീരം വിയർക്കാത്ത ഇതെന്തു കളി. പത്തു മുപ്പതു ഏക്കർ സ്ഥലം കുറെ പണക്കാർക്ക് മാത്രം ഉലാത്താനും കള്ളുകുടിക്കാനുമായി നീക്കി വെച്ചിരിക്കുന്ന സംവിധാനത്തോട് എന്തെന്നില്ലാത്ത അമർഷം തോന്നി. ഒട്ടും വൈകാതെ ഒരു ഇടതു പക്ഷ പ്രസിദ്ധീകരണത്തിൽ സ്വതന്ത്ര ഭാരതത്തിൽ സായിപ്പിന്റെ ഈ കളി നിരോധിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ലേഖനവും അയച്ചു. കളിക്കാരുടെ കയ്യിൽ ഇരിക്കുന്ന വടി പിടിച്ചു വാങ്ങി പുറകിൽ രണ്ടു പൊട്ടിച്ചു ഇറക്കി വിടണമെന്നും പറ്റുമെങ്കിൽ അവിടെ കപ്പ നടണമെന്നും മറ്റുമുള്ള ധാർമിക രോഷ ഫാന്റസികൾ.

ഏതാണ്ട് നാല് ദശകങ്ങൾക്കിപ്പുറം ആദർശങ്ങൾക്കൊക്കെ അവധികൊടുത്ത് ഡൽഹി, കൽക്കട്ട, ചെന്നൈ വഴി ഒരു ശരാശരി മനുഷ്യനായി ഞാനും തിരികെ എത്തി – ഒരു ഗോൾഫ് പ്രേമിയായി. കറതീർന്ന കമ്മ്യൂണിസ്റ്റുകൾ കാവിയുടെ വക്താക്കൾ ആയതുപോലെ. അതെ പുൽമേട്ടിലൂടെ ഞാനും നടന്നു ഒരു വടിയുമായി. ഇടതൂർന്ന മരങ്ങളും, ദേശാന്തര പക്ഷികളും, മഞ്ഞു കണങ്ങൾ തങ്ങി നിൽക്കുന്ന പുൽത്തുമ്പുകളും, എല്ലാം അവിടെത്തന്നെയുണ്ടായിരുന്നു – വെയിലറിയാതെ, മഴയാറിയാതെ വർഷങ്ങൾ പോകുവതറിയാതെ.

ഗോൾഫ് വെറും ഒരു കളിയല്ലെന്നും ശരീരവും മനസ്സും ബുദ്ധിയും ഒരു പോലെ ഒരു നിമിഷാർദ്ധത്തിൽ ഒരു പ്രവർത്തിയിൽ കേന്ദ്രീകൃതമാവേണ്ട ഏതാണ്ട് യോഗ പോലൊക്കെയുള്ള ഒരു സമ്പൂർണ സംയോജിത പദ്ധതിയുമൊക്കെയാണെന്നു കാലക്രമേണ മനസ്സിലായി. ഈ കളി നേരത്തെ തുടങ്ങാഞ്ഞതിൽ പശ്ചാത്തപിച്ച ദിവസങ്ങൾ. ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായാൽ വിട്ടുകളയാൻ പ്രയാസമുള്ള ഒരുപക്ഷെ മനുഷ്യൻ കണ്ടെത്തിയ ഏറ്റവും സങ്കീർണമായ വിനോദോപാധി. പുറത്തു നിന്ന് നോക്കുന്നവർക്ക് ഒരിക്കലും മനസിലാക്കാൻ സാധിയ്ക്കാത്ത ഒരു കീറാമുട്ടി. മനശ്ശാസ്ത്രവും, ഊർജ തന്ത്രവും, എയ്‌റോ ഡയനാമിക്‌സും ക്ഷേത്രഗണിതവും എല്ലാം ആവശ്യപ്പെടുന്ന ഒരു അപൂർവ കായിക കല.

ടീ ബോക്സിൽ നിന്ന് കൊണ്ട് ആദ്യത്തെ അടിക്കു തയ്യാറെടുക്കുമ്പോൾ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകൾ ഒന്നര ഇഞ്ച് വ്യാസം മാത്രമുള്ള ആ വെളുത്ത കൊച്ചു പന്തിന്റെ സഞ്ചാരപഥം നിയന്ത്രിയ്ക്കുമെന്ന് വിശ്വസിക്കുവാൻ ആദ്യമൊക്കെ പ്രയാസമായിരുന്നു. ലക്ഷ്യത്തിനു ഉന്നം വെച്ച് കൊണ്ട്, പാദങ്ങൾ നിശ്ചിത അകലത്തിൽ വെച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട്ട് വളച്ചു, തലകുനിച്ചു, വിരലുകൾ പിണച്ചു വടിയുടെ അറ്റത്ത് ഇറുക്കിപ്പിടിച്ചു, കൈമുട്ടുകൾ വളയാതെ സാവധാനം പിന്നോട്ടെടുത്ത്, ശരീര ഭാരം ഒരു കാലിൽ നിന്ന് മറ്റേ കാലിലേക്ക് സ്ഥാനാന്തരം നടത്തി സമാന്യം വേഗത്തിൽ നിലത്ത്‌ ടീയിൽ ഇരിക്കുന്ന പന്തിനെ മുന്നോട്ടുവീശിയടിച്ചു കഴിഞ്ഞു തലയുയർത്തി നോക്കുമ്പോൾ ഫെയർവെയിലെ മനസ്സിൽ കരുതിയ ഇടത്തിൽ പന്ത് ചെന്ന് പതിയ്ക്കുന്നത് ഏതാണ്ട് ഒരു വൻ ദൗത്യം പൂർത്തിയാക്കുന്ന സന്തോഷം പകരും.

ഒരു മനുഷ്യന്റെ തനതായ സ്വഭാവം അറിയണമെകിൽ അയാളുടെ കൂടെ ഗോൾഫ് കളിക്കണമെന്ന് പറയാറുണ്ട്. നിരാശ, അസൂയ, വൈരാഗ്യം, വാശി എല്ലാത്തിനും ധാരാളം അവസരങ്ങൾ. കളിയ്ക്കിടയിൽ കള്ളത്തരങ്ങൾ കാണിക്കാനും നിരവധി സന്ദർഭങ്ങൾ ഉണ്ടാകും. പലപ്പോഴും കളിക്കാരനും ദൈവവും മാത്രം. ആ അവസരങ്ങളിലും സത്യസന്ധത പുലർത്തുകയെന്നത് ഗോൾഫിന്റെ അലിഖിത പാരമ്പര്യമാണ്. എല്ലാ നിലവാരത്തിലുള്ള കളിക്കാരെയും ഏകദേശ തുല്യതയിൽ എത്തിയ്ക്കുന്ന ഹാൻഡിക്യാപ്‌ വ്യവസ്ഥിതിയും ഗോൾഫിന്റെ പ്രത്യേകതയാണെന്നു പറയാം.എല്ലാവർക്കും സാധ്യതകൾ ഉണ്ടെന്ന ബോധം ആവേശം പകരും.ഏതു പ്രായത്തിലുള്ളവർക്കും ഇത് കളിക്കാനാവും. ടൈഗർ വുഡ്സ് രണ്ടാമത്തെ വയസ്സിൽ കളി തുടങ്ങിയെങ്കിൽ നൂറു വയസ്സിനും മുകളിലുള്ള കളിക്കാരും നിലവിലുണ്ട്.

സാമാന്യ മര്യാദയുടെ നീണ്ട പട്ടിക തന്നെ ഗോൾഫിനുണ്ട്. കൂടെ കളിക്കുന്നവരുടെ ലക്ഷ്യ രേഖയിൽ ചവിട്ടാതിരിക്കുക, വഴി തെറ്റി പറക്കുന്ന പന്തുകൾ അന്വേഷിക്കാൻ കൂട്ടുകാരനെ സഹായിക്കുക , കളിക്കിടയിൽ കേടു പറ്റുന്ന പുൽത്തടങ്ങൾ പൂർവ സ്ഥിതിയിലാക്കുക കളി കഴിയുമ്പോൾ കൈ കൊടുത്തു പിരിയുക, അങ്ങനെ നിരവധി.

ഒരേ കളിസ്ഥലത്തു ഒരേ കളി തന്നെയാണ് കളിക്കുന്നതെങ്കിലും എല്ലാ ദിവസവും നമ്മെ കാത്തിരിക്കുന്നത് പുതിയ അനുഭവങ്ങൾ, പുതിയ പാഠങ്ങൾ പുതിയ അവബോധങ്ങൾ. പലപ്പോഴും ഒരു ജനതയുടെ തന്നെ ഹരമായി മാറുന്ന ഈ കളി രാജ്യങ്ങളുടെ പോലും കാഴ്ചപ്പാടുകളെ കീഴ്മേൽ മറിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗോൾഫ് കളി തുടങ്ങി വച്ച സ്കോട്ട്ലാൻഡിലെ ജെയിംസ് രണ്ടാമൻ രാജാവ് ഈ കളി നിയമം മൂലം നിരോധിച്ചെങ്കിൽ തീവ്ര ഇടതുപക്ഷ രാഷ്ട്രങ്ങളായ ചൈനയും വിയറ്റ്നാമും ഇപ്പോൾ നെൽവയലുകൾ നികത്തി ഗോൾഫ് കളിക്കളങ്ങൾ നിർമ്മിക്കുന്നു.

ജീവിതവുമായി ഇത്രയധികം സമാന്തര സാദൃശ്യങ്ങൾ ഉള്ള മറ്റൊരു കളിയില്ലെന്നു തന്നെ പറയാം. ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രയാണം.സന്തോഷവും ഇച്ഛാഭംഗവും ഒരേസമയം. വഴിയിലെ എല്ലാ അപകട സാധ്യതകളും അഭിമുഖീകരിക്കാതെ മാർഗമില്ല, കാടും, മേടും, കിടങ്ങും, വെള്ളക്കെട്ടുകളും സമർത്ഥമായി തരണം ചെയ്തേ ലക്ഷ്യത്തിലെത്താൻ സാധ്യമാവൂ. പന്ത് എവിടെ വീഴുന്നുവോ അവിടെ നിന്ന് തന്നെ തുടർന്നുള്ള കളി തുടരണം . വേറെ വഴിയില്ല. നേരെ അടിക്കുന്നവർ ഭാഗ്യവാന്മാർ. കുറഞ്ഞ അടികളിൽ ലക്ഷ്യത്തിൽ എത്തുന്നവർ വിജയികളും. ഓരോ ദിവസവും പുതിയ പുതിയ വെല്ലു വിളികൾ. അടുത്ത ദിവസം എല്ലാം ശരിയാകുമെന്ന് പ്രതീക്ഷകൾ. അപൂർവ്വമായെത്തുന്ന നല്ല നാളുകൾ.

Author: Mathew George

Another slipshod writer under the Sun

4 thoughts on “And fools who came to scoff, remained to “Play””

  1. വളരെ നന്നായിട്ടുണ്ട്. സരസമായി എഴുതിയെങ്കിലും കാര്യങ്ങൾ എല്ലാം വിശദമായി വിവരിച്ച ഈ blog വായിക്കുവാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു.

    Liked by 1 person

  2. A placid narrative of the beautiful game in all its dimensions with universal application. Sadly only a lover of the game can relish this masterpiece of writing.
    Wg Cdr MS Mathew

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: