കണ്ടിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾക്കും താഴെയായിരുന്നു എനിക്ക് അമേരിക്ക. ഒരു മൂന്നാം ലോക പൗരന്റെ അസൂയ മാത്രമെന്ന് കരുതേണ്ട. വെറും നാനൂറ് വർഷങ്ങളുടെ മാത്രം ചരിത്രമുള്ള നാട്ടിൽ എന്ത് കാണാൻ. സായിപ്പിനെ പണ്ടേ അത്ര പിടുത്തമില്ല. ഇരുനൂറു വർഷം നമ്മളെ അടക്കി ഭരിച്ചതിന് തൊണ്ണൂറ്റിരണ്ടിലെ ആദ്യത്തെ വിദേശ യാത്രയിൽ തന്നെ ലണ്ടനിൽ ഗിറ്റാറടിച്ചു ഭിക്ഷയാചിച്ച സായിപ്പിന് ഒരു പൗണ്ട് കൊടുത്തു പകരം വീട്ടിയിട്ടുണ്ട്. കാനഡയും ഇംഗ്ലണ്ടും ഫ്രാൻസും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും കണ്ടു കഴിഞ്ഞപ്പോൾ അമേരിക്ക കാണാനുള്ള താല്പര്യം വീണ്ടും കുറഞ്ഞു. ഇതൊക്കെ തന്നെയല്ലേ കുത്തക മുതലാളിത്ത കോർപ്പറേറ്റ് രാജ്യമായ അമേരിക്കയുടെയും മുഖം. വൻകിട കെട്ടിടങ്ങൾ, വീതിയേറിയ തെരുവുകൾ, ഏക്കറുകളിൽ പടർന്നു കിടക്കുന്ന ഷോപ്പിംഗ് മാളുകൾ, വളരെ മോടിയിൽ വസ്ത്രധാരണം ചെയ്ത് ധൃതിയിൽ നീങ്ങുന്ന ജനങ്ങളുടെ നഗരങ്ങളും, വിസ്തൃതമായ പുൽമേടുകളുള്ള നാട്ടിൻപുറങ്ങളും. നമുക്ക് നമ്മോടു തന്നെ അവജ്ഞ തോന്നുന്ന വെളുപ്പും സൗന്ദര്യവും വെടിപ്പും വൃത്തിയും.
അമേരിക്കയിൽ ഇത് ആദ്യമല്ല. സാൻഫ്രാൻസിസ്കോയും ചുറ്റുപാടും നാല് വർഷങ്ങൾക്കുമുൻപ് കണ്ടതാണ്. അന്ന് വെറും പത്തു ദിവസത്തെ ഔദ്യോഗിക യാത്രയായതിനാൽ ഹോട്ടലിനു പുറത്തെ ലോകം വലുതായൊന്നും കണ്ടില്ല. പക്ഷെ അന്നത്തെ അനുഭവം തന്നെ എന്റെ പല സങ്കൽപ്പങ്ങൾക്കും വെല്ലുവിളിയായി. ബെർക്കലി യൂണിവേഴ്സിറ്റിയിലും പരിസരങ്ങളിലും കറുത്തവരും, മെക്സിക്കൻസും, ഏഷ്യൻ വംശജരും ബഹു ഭൂരിപക്ഷം. വളരെ കാഷ്വൽ വസ്ത്രങ്ങളിലായിരുന്നു മിക്കവരും. അവരുടെ കൂട്ടത്തിൽ ഒന്നായി നീങ്ങാൻ വളരെ എളുപ്പമായി തോന്നി. യൂറോപ്പിലെ പോലെ സ്വാഭിമാനം ഭീഷണിയിലാകുന്ന അവസ്ഥയേയില്ല. കൊള്ളാമല്ലോ എന്ന് തോന്നിയപ്പോഴേക്കും മടങ്ങാനുള്ള സമയമായി.
ഇത്തവണ കിഴക്കൻ തീരമായിരുന്നു.ന്യൂയോർക്,ന്യൂജേഴ്സി,വാഷിംഗ്ടൺ, പെനിസിൽവേനിയ. ഔദ്യോഗിക കെട്ടുപാടുകളൊന്നുമില്ല. യാത്രയ്ക്ക് വേണ്ടി മാത്രമുള്ള യാത്ര. ജെ എഫ് കെ വിമാനത്താവളത്തിന് പുറത്ത് ട്രംപിന്റെ വിസ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്ലക്കാർഡുകളുമായി പ്രകടനം. ഇമ്മിഗ്രേഷനിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടാൻ തയ്യാറായി ഒരുകൂട്ടം നാട്ടുകാർ. ജനാധിപത്യം നൂറു ശതമാനവും അതിന്റെ ശരിയായ അർത്ഥത്തിൽ. വീണ്ടും ഇതേ ജനാതിപത്യബോധം വൈറ്റ്ഹൗസിനു മുൻപിലും കാണാനിടയായി. ട്രംപിനെതിരെ ഒരു ഒറ്റയാൾ പോരാട്ടം.
രസകരമായ നിരവധി യാത്രാഅനുഭവങ്ങളുണ്ടായെങ്കിലും നാല് സ്ത്രീകളെപ്പറ്റി പറയാതെ വയ്യ. ന്യൂയോർക്കിൽ നിന്ന് തന്നെ തുടങ്ങാം. വാൾസ്ട്രീറ്റും ഗ്രാൻഡ് സെൻട്രലും, ബ്രോഡ്വെയും, ടൈം സ്ക്വയറും, ബ്രൂക്ലിൻ ബ്രിഡ്ജും എല്ലാം നടന്നു തന്നെ കണ്ടു. എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ആണ് അടുത്തത്. ടിക്കറ്റ് എടുക്കാൻ തന്നെ നീണ്ട ക്യൂ. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർ ക്യൂ മറികടന്നു പോകുന്നു. ഒരു മണിക്കൂറെങ്കിലും ക്യൂവിൽ തന്നെ നിൽക്കണം. ആളൊന്നിന് എൺപതു ഡോളർ. ഞങ്ങൾ ഏഴു പേർക്ക് 560 ഡോളർ. നല്ലൊരു തുക. നീണ്ട ക്യൂവും. വിട്ടുകളയാമെന്നു കരുതിയപ്പോൾ പെട്ടെന്ന് പ്രായമുള്ള കറുത്ത വർഗക്കാരി ഒരു സെക്യൂരിറ്റി വനിത പുറകിൽനിന്നു ചോദിക്കുന്നു “ഹൌ മെനി ഓഫ് യു”. അഞ്ഞൂറ്റി അറുപത് ഡോളർ കൊടുക്കാൻ കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ അവർ വീണ്ടും പറഞു “വെയിറ്റ്…. ടു സീനിയർസ്, ടു ചിൽഡ്രൻ, ത്രീ അഡൾട്സ്” ഏറ്റവും ചെറിയ കുട്ടി അലാന പറഞ്ഞു. “ഐ ആം ഫിഫ്റ്റീൻ”. സത്യം പറഞ്ഞ അവളെ ചേർത്തു പിടിച്ചു അവർ പറഞ്ഞു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇരുനൂറ്റിഅന്പതു ഡോളർ മാത്രം ഞങ്ങളിൽ നിന്ന് വാങ്ങി ഏഴു ടിക്കറ്റും തന്നു ഞങ്ങളെ ഏറ്റവും മുന്പിലെത്തിച്ചു തന്നു എന്ന് മാത്രമല്ല ഒരു മൂന്നു തവണയെങ്കിലും വീണ്ടും ആവർത്തിച്ചു “May God Bless.” മനസ്സിന് കുളിരു പകർന്ന അനുഭവം.
രണ്ടു സ്ത്രീകളെ കണ്ടത് വാഷിങ്ടണിൽവെച്ചായിരുന്നു. ഒരാൾ ഞങ്ങൾ തങ്ങിയ ഹിൽട്ടൺ ഹോട്ടലിലെ പരിചാരിക. ബ്രേക്ക് ഫാസ്റ്റ് മുറിയിലാകാമെന്നു കരുതി റൂം സർവീസ് ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഞങ്ങളോടൊപ്പം അടുത്ത മുറിയിലുണ്ടായിരുന്ന നിലീനയുമെത്തി. ബ്രേക്ക് ഫാസ്റ്റ് ട്രേ മേശയിൽ വച്ച് ബില്ല് ഒപ്പിടിച്ചു മടങ്ങാനൊരുങ്ങിയ പരിചാരികയുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. “Are you orthodox christians?” ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. നിലീനയുടെ ടീഷർട്ടിൽ എഴുതിയിരുന്ന St.Thomas Syrian Orthodox Church, Delaware എന്നുള്ളത് പിന്നീടാണ് ശ്രദ്ധിച്ചത്. ലോകത്തെ ഏറ്റവും പുരാതനവും സത്യവിശ്വാസം കാത്തു സൂക്ഷിക്കുന്നതും ഓർത്തഡോൿസ് സഭയാണെന്നും മറ്റുള്ളതെല്ലാം അതിൽ നിന്ന് പൊട്ടി പുറപ്പെട്ടിട്ടുള്ളതാണെന്നും വെറും അഞ്ചു മിനിറ്റ് കൊണ്ട് അവർ സമർത്ഥിച്ചു. എത്യോപ്യൻ ഓർത്തഡോൿസ് വിഭാഗത്തിൽ പെട്ട അവരുടെ ആവേശത്തിന്റെയും സന്തോഷത്തിന്റെയും യുക്തി മനസ്സിലാക്കാൻ കുറെ പാടുപെട്ടു. ഒരു ഓർത്തഡോൿസ്കാരിക്ക് ഓർത്തഡോൿസ്കാരെ കണ്ടപ്പോഴുണ്ടായ സന്തോഷം. അടുത്ത ദിവസം റൂം ഒഴിഞ്ഞു ലഗേജ് ഒക്കെ ലോബിയിൽഎത്തിച്ചു മടങ്ങാനൊരുങ്ങുമ്പോൾ അവർ ഓടിവന്നു വീണ്ടും കുശലം പറഞ്ഞു കണ്ണ് തുടച്ചാണ് പിരിഞ്ഞത്.
ഞായറാഴ്ച വാഷിങ്ടണിൽ നിന്ന് മടക്കം. ലിങ്കൺ മെമ്മോറിയൽ, വാഷിംഗ്ടൺ മെമ്മോറിയൽ സ്മിസ്തോണിയൻ മ്യൂസിയം തുടങ്ങി ഇനിയും കാണാൻ പലതും ബാക്കി. തലേ രാത്രിയിലെ കോരിച്ചൊരിഞ്ഞ മഴയിൽ നിന്നും അവധി ദിവസത്തെ ആലസ്യത്തിൽ നിന്നും ഉണർന്നു വരുന്ന പട്ടണം. വണ്ടി ദൂരെയെവിടെയോ പാർക്ക് ചെയ്തിട്ട് ഞങ്ങൾ നടപ്പു തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഒപ്പം ദാഹവും കൂടി. വഴിയോരത്ത് ഒരു പെട്ടിക്കട. നിറഞ്ഞ ചിരിയുമായി സ്വാഗതം ചെയ്ത മദാമ്മയെ കണ്ടപ്പോൾ തന്നെ പകുതി ദാഹം തീർന്നു. വെള്ളവും ലെമണേഡും കോളയും മറ്റും വാങ്ങി. “Nine Fifty. Give me nine”. ചോദിക്കാതെ തന്നെ ഡിസ്കൗണ്ട്.തുടർന്ന് കുശലാന്വേഷണം. തീർന്നില്ല പോകാൻ ഒരുങ്ങിയപ്പോൾ ഒരു കൈ നിറയെ ചോക്ലേറ്റ് വാരി തന്നിട്ട് പറഞ്ഞു. “ഹാവ് എ നൈസ് ഡേ’ . She really made our day.
നാലാമത്തെ സ്ത്രീ നാട്ടുകാരി തന്നെ. രണ്ടാം തലമുറ ഇന്ത്യക്കാരി. ഗുജറാത്തി. ഡോ. യശോധര കുമാർ. ന്യൂജേഴ്സിയിലെ നിലീനയുടെ വീട് കേന്ദ്രീകരിച്ചായിരുന്ന ഞങ്ങളുടെ യാത്രകളൊക്കെ. വിൽസൺ മൻഹാട്ടനിൽ വലിയ ഒരു ബാങ്കിങ് സോഫ്റ്റ്വെയർ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്. ഞങ്ങളുടെ സന്ദർശനം കണക്കിലെടുത്തു മിക്കവാറും “വർക്കിംഗ് ഫ്രം ഹോം” . മടക്കയാത്രയ്ക്ക് രണ്ടു ദിവസം മുൻപ് ഭാര്യയ്ക്കു കലശലായ പല്ലു വേദന. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസിൽ ദന്ത രോഗങ്ങൾ ഉൾപ്പെടുന്നില്ല. ആന്റി ബിയോട്ടിക്സ് തൽക്കാല കഴിച്ചു തുടങ്ങിയാൽ ആശ്വാസം കിട്ടുമെന്നറിയാം. പക്ഷെ അവിടെ പ്രെസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബിയോട്ടിക്സ് വാങ്ങാനും സാധ്യമല്ല. നാട്ടിലെ ദന്ത ഡോക്ടറുമായും ബന്ധപ്പെട്ടു. ആന്റി ബിയോട്ടിക്സും വേദന സംഹാരികളുമൊക്കെയായി ഒരാഴ്ച തട്ടിക്കൂട്ടി നാട്ടിൽ വരാനായിരുന്നു ഉപദേശം. അമേരിക്കയിൽ ദന്ത ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ തന്നെ ദിവസങ്ങളെടുക്കും. തന്നെയുമല്ല നല്ല ബില്ലുമാകും. ഒരു മണിക്കൂർ ഡ്രൈവ് ചെയ്തുപോയാൽ വിൽസന്റെ സുഹൃത്തിന്റെ ഭാര്യ ഒരു ഡോക്ടറുണ്ട് . അവരുടെ പക്കൽ നിന്നും ആന്റിബിയോട്ടിക്സിന്റെ പ്രെസ്ക്രിപ്ഷൻ വാങ്ങാം എന്ന് കരുതിയിരിക്കുമ്പോളാണ്. നിലീന റോബിൻസ്വില്ലിലെ ദന്ത ഡോക്ടർമാരുടെ എല്ലാം ഫോൺ നമ്പറുകൾ തപ്പിയെടുത്തത്. ആദ്യത്തെ നമ്പറിൽ തന്നെ വിളിച്ചു. ഡോ.യശോധര കുമാർ. പന്ത്രണ്ടു മണിക്ക് സമയം തന്നു. ആധുനിക സൗകര്യങ്ങൾ ഉള്ള കൺസൾട്ടിങ് സംവിധാനം. റിസെപ്ഷനിസ്റ് വിവിധ ഫാറങ്ങളൊക്കെ പൂരിപ്പിച്ചു വാങ്ങി. ഒരസുഖവുമില്ലെന്നു, ഒന്നിനും അല്ലെർജിയില്ലെന്നുമൊക്കെ സമ്മതിച്ചു ഒപ്പിട്ടു കൊടുത്തു. കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ ഞങ്ങളെ വിളിച്ചു. ഡോ.യശോധര പുഞ്ചിരിയോടെ കാര്യങ്ങളൊക്കെ തിരക്കി. ഇൻഷുറൻസ് ഇല്ലെന്നുള്ള കാര്യവും, ഉടനെയുള്ള മടക്കയാത്രയുടെ വിവരവും ആദ്യമേ തന്നെ പറഞ്ഞു.എക്സ്റേ എടുത്തു, ഇൻഫെക്ഷൻ ഡ്രയിൻ ചെയ്തു, മരുന്നുകൾക്കും കുറിപ്പെഴുതി. ഏതാണ്ട് ഒരു മണിക്കൂർ പരിശോധനസമയം. ഇരുനൂറു ഡോളറെങ്കിലും പ്രതീക്ഷിച്ചു. കൗണ്ടറിലെത്തിയപ്പോൾ ബില്ല് തന്നു. നൂറ്റിരുപതു ഡോളർ. പക്ഷെ നൂറു ശതമാനം ഡിസ്കൗണ്ട് .പൂജ്യം ബിൽ. വിശ്വസിക്കാനായില്ല. നന്ദി പറയാൻ വീണ്ടും ഞങ്ങൾ ഡോ. യശോധാരയെക്കണ്ടു. നിരായുധരാക്കുന്ന ചിരിയോടെ അവർ പറഞ്ഞു. “That’s OK. I can understand”. ഇങ്ങനൊരു ദന്ത ഡോക്ടറെ നാട്ടിൽ കണ്ടുകിട്ടുന്ന കാര്യം സംശയമാണ് .
ഈ അനുഭവങ്ങളൊക്കെ പഠിപ്പിച്ചത് ഈ രാജ്യത്തിന്റെ സംസ്കാരമാണ്. സ്വാഗതത്തിന്റെ വിളക്കേന്തി നിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതിമയും വിളിച്ചോതുന്നത് മറ്റൊന്നല്ല. അതും ഒരു സ്ത്രീയുടെ പ്രതിമ ആയതു യാദൃശ്ചികമാവാം. ആ പ്രതിമയുടെ പീഠത്തിൽ അമേരിക്കൻ ജൂത കവയിത്രി എമ്മ ലാസറസിന്റെ കവിത ആലേഖനം ചെയ്തിട്ടുണ്ട്.
“പുരാണ സാമ്രാജ്യങ്ങൾക്കു പറയാൻ വീരകഥകളുണ്ടാവാം
വൻകരകളെ കാൽകീഴിൽ ഒതുക്കുന്ന കൊളോസസ്സുകൾ ഉണ്ടാവാം
പക്ഷെ ഇവിടെ, ഈ തീരത്ത് കൈവിളക്കുമായി നിൽക്കുന്ന ഈ ശക്തി ദേവത, ഭ്രഷ്ടരാക്കപ്പെട്ടവരുടെ, പടിയടക്കപ്പെട്ടവരുടെ ഈ അമ്മ
ഉയർത്തിക്കാട്ടുന്ന വെളിച്ചം നിങ്ങളുപേക്ഷിച്ച ക്ഷീണിതർക്കാണ്
സ്വാതത്ര്യം കൊതിയ്ക്കുന്ന നിങ്ങളുടെ അടിമവർഗത്തിനാണ്
കടൽക്കാറ്റുലച്ച നിങ്ങളുടെ അശരണരരെ എനിക്ക് തരിക
ഈ സ്വർണ കവാടത്തിൽ എന്നും ഞാൻ വെളിച്ചവുമായുണ്ടാവും.”
ട്രംപിനെപ്പോലുള്ളവർ എത്ര ശ്രമിച്ചാലും ഒരു സംസ്കാരത്തിന്റെ അന്തസത്ത മാറ്റി മറിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.